WELCOME TO S.T.HINDU COLLEGE:MALAYALAM DEPARTMENT

Monday, 2 April 2012

മലയാള സാഹിത്യം


 മലയാള സാഹിത്യത്തിന്റെ ആദ്യകാലം നാടോടി ഗാനങ്ങളിലൂടെയും, തമിഴ് സംസ്കൃതം ഭാഷകളിലൂടെയും ആയിരുന്നു വികാസം പ്രാപിച്ചത്. മലയാളത്തില്‍ ലഭ്യമായിട്ടുള്ള ഏറ്റവും പുരാതനമായ ലിഖിതം ചേരപ്പെരുമാക്കന്മാരില്‍ രാജശേഖര പെരുമാളിന്റെ കാലത്തുള്ളതാണു്. ക്രി. 830 -ല്‍ എഴുതപ്പെട്ടതു എന്നു തിട്ടപ്പെടുത്തിയ വാഴപ്പള്ളി ലിഖിതമാണിത്. ഈ ലിഖിതം കണ്ടെടുത്തത് വാഴപ്പള്ളി മഹാക്ഷേത്രത്തിന്റെ കിഴക്കേനടയിലെ തലവനമഠത്തില്‍ നിന്നുമാണ്. പല്ലവഗ്രന്ഥലിപിയില്‍ എഴുതപ്പെട്ട വാഴപ്പള്ളി ലിഖിതത്തില്‍ ചേരപ്പെരുമാക്കന്മാരുടെ വംശാവലിയും നാമമാത്രമായിട്ടെങ്കിലും കാര്‍ഷികവിവരങ്ങളും സംക്ഷിപ്തമായിരുന്നു. ഈ കാലഘട്ടത്തിനു ശേഷം വളര്‍ന്നു വന്ന മലയാളസാഹിത്യത്തിനെ ഇപ്രകാരം വേര്‍ത്തിരിച്ചെഴുതാവുന്നതാണു്.
1.       തമിഴ് സമ്പ്രദായത്തില്‍ പാട്ടുരീതിയിലുള്ള കൃതികള്‍
2.       സംസ്കൃത സമ്പ്രദായത്തിലുള്ള മണിപ്രവാളം കൃതികള്‍
3.       മലയാളത്തിലുള്ള സന്ദേശകാവ്യങ്ങള്‍, ചമ്പൂക്കള്‍, മറ്റു ഭാഷാകൃതികള്‍

പാട്ടുരീതിയില്‍ എഴുതപ്പെട്ട കൃതികളില്‍ പഴക്കമേറിയത് ചീരാമകവിയുടെ രാമചരിതമാണു്. പേരില്‍ സൂചിപ്പിക്കുന്നതുപോലെ രാമകഥയാണു് ഇതിവൃത്തമെങ്കിലും യുദ്ധകാണ്ഡത്തിലെ സംഭവങ്ങളുടെ വിവരണങ്ങള്‍ക്കായിരുന്നു പ്രാധാന്യം. സംസ്കൃത കാവ്യപാരമ്പര്യങ്ങളില്‍ നിന്നു വിട്ട് തദ്ദേശീയമായ രീതിയില്‍ എഴുതപ്പെട്ട കാവ്യം എന്ന നിലയില്‍ രാമചരിതം ശ്രദ്ധേയ കൃതിയാണു്. ലീലാതിലകത്തിലും മറ്റും വ്യവസ്ഥചെയുന്ന പാട്ടുരീതിയിലാണു കാവ്യമെങ്കിലും പാരായണാനുഭവത്തില്‍ ഒരു തമിഴ് കൃതിയെന്നേ സാമാന്യവായനക്കാരനു് തോന്നൂ. തമിഴിന്റെ സ്വാധീനത്തില്‍ നിന്നു മുക്തിനേടി കുറേകൂടി വ്യക്തമായ മലയാളകവന രീതിയാണു കണ്ണശ്ശരാമായണത്തില്‍ കാണാനാകുന്നതു്. ക്രിസ്തുവഷം പതിനാലാം നൂറ്റാണ്ടിനും പതിനഞ്ചാം നൂറ്റാണ്ടിനും ഇടയിലായി തിരുവല്ലയ്ക്കടുത്ത് നിരണം എന്ന സ്ഥലത്തായിരുന്നു കണ്ണശ്ശന്റെ ജീവിതം.
ആതിതേ വനിലമിഴ്‌ന്ത മനകാമ്പുടയ ചീരാമനമ്പിനൊടിയറ്റിന തമിഴ്‌കവി വല്ലോര്‍
എന്നിങ്ങനെ തമിഴ് സമ്പുഷ്ടമായിരുന്നു രാമചരിതമെങ്കില്‍,
 നരപാലകര്‍ ചിലരിതിന് വിറച്ചാര്‍
നലമുടെ ജാനകി സന്തോഷിച്ചാള്‍
അരവാദികള്‍ ഭയമീടുമിടി ധ്വനിയാല്ഡ‍ മയിലാനന്ദിപ്പതുപോലെ
എന്നു തെളി മലയാളത്തി ആയിരുന്നു കണ്ണശ്ശരാമായണം.
രാമചരിതത്തിന്റെ രചനാകാലഘട്ടമായ പന്ത്രണ്ടാം നൂറ്റാണ്ടില്‍ തന്നെ എഴുതപ്പെട്ട കൃതിയാണു വൈശികതന്ത്രം എന്ന മണിപ്രവാള ഗ്രന്ഥം. സംസ്കൃതത്തില്‍ ദാമോദരഗുപ്തന്റെ കുട്ടനീമതം പോലുള്ള കൃതികളെ പിന്തുടരുന്ന മണിപ്രവാളം കൃതിയായിരുന്നു വൈശികതന്ത്രവും. മണിപ്രവാളകൃതികള്‍ പൊതുവെ സംസ്കൃത വിഭക്തിപ്രയോഗങ്ങളും തമിഴ് പദങ്ങളും, പഴയ മലയാളം പദങ്ങളും ചേരുന്ന രചനകളായിരുന്നു. കൂടുതല്‍ സംസ്കൃത അഭിവാഞ്ഛ പ്രകടിപ്പിക്കുന്ന സുകുമാരകവിയുടെ ശ്രീകൃഷ്ണവിലാസവും, ശങ്കരാചാര്യരുടെ കാലം മുതല്‍ക്കേയുള്ള സ്തോത്രപാരമ്പര്യത്തിലുള്ള കൃതികളും ഇതേ കാലയളവില്‍ പ്രസിദ്ധമായിരുന്നു. വില്വമംഗലത്തു സ്വാമിയാരുടെ സംസ്കൃതസ്തോത്രങ്ങള്‍ക്ക് സമകാലികമായി മണിപ്രവാളത്തില്‍ വസുദേവസ്തവം പോലുള്ള കൃതികളും പന്ത്രണ്ടാംനൂറ്റാണ്ടിന്റെയും പതിമൂന്നാംനൂറ്റാണ്ടിന്റെയും മധ്യകാലങ്ങളില്‍ സൃഷ്ടിക്കപ്പെട്ടിരുന്നു.
കേരളീയ കാവ്യപാരമ്പര്യം കുറേകൂടി തെളിയുന്നത് ചെറുശ്ശേരിയുടെ കൃഷ്ണഗാഥയോടെയാണു്. തമിഴിന്റെയും സംസ്കൃതത്തിന്റെയും സ്വാധീനത്തില്‍ നിന്നു അകന്നു നിന്നു് നാടന്‍ ഈണത്തില്‍ രചിക്കപ്പെട്ട കൃതിയെന്നുകൂടി കൃഷ്ണഗാഥയെ കുറിച്ച് പറയണം (അന്യഭാഷാസ്വാധീനം പൂര്‍ണ്ണമായും ഇല്ലെന്നല്ല; മണിപ്രവാളത്തിന്റെയും മധ്യയുഗങ്ങളില്‍ തമിഴ്‌നാട്ടില്‍ നിലനിന്നിരുന്ന ഉന്തിപ്പാട്ടിന്‍റെയുംസാദൃശ്യം കൃതിയില്‍ ചൂണ്ടിക്കാണിക്കാവുന്നതുമാണു്) ഗൃഹാന്തരീക്ഷവും നാടോടിശീലുകളും തെളിമയാര്‍ന്ന മലയാള ഭാഷയും ചേര്‍ന്ന കൃഷ്ണഗാഥ മലയാളം കവിതയ്ക്ക് ഒരു പുതിയ പിറവി നല്‍കുകയാണുണ്ടായത്. ആധുനിക കാലത്തെ മലയാളം കവികളായ വള്ളത്തോള്‍, വൈലോപ്പിള്ളി, ബാലാമണിയമ്മ എന്നിവരുടെ കവിതകളില്‍ പോലും കൃഷ്ണഗാഥയുടെ സ്വാധീനം കാണാവുന്നതാണു്.
കുറേകൂടി സ്വതന്ത്രമായ രചനാ സമ്പ്രദായങ്ങള്‍ എന്ന നിലയില്‍ മലയാളസാഹിത്യത്തില്‍ സന്ദേശകാവ്യങ്ങളും ചമ്പൂക്കളും പ്രസക്തമാണു്. സന്ദേശകാവ്യങ്ങളിലും ചമ്പൂക്കളിലും സാഹിത്യഭംഗിയേക്കാളഅ‍ കൃഷി, വാണിജ്യം, ഭോഗാലസ ജീവിതം, ഭക്തി എന്നിവയുടെ വര്‍ണ്ണനകള്‍ക്കാണു് പ്രാധാന്യം കൊടുത്തുകാണുന്നത്.

Recent Posts